International
ലണ്ടൻ: അമേരിക്കൻ ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സീറ്റുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത നയതന്ത്രജ്ഞൻ പീറ്റർ മണ്ടേൽസണിനെ ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ചയാണ് അറസ്റ്റിലായത്. അധികാര ദുർവിനിയോഗത്തിന്റെ പേരിലാണു നടപടിയെന്നു സൂചനയുണ്ട്.
അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന മണ്ടേൽസണിനെ ആ പദവിയിൽനിന്നു സെപ്റ്റംബറിൽ പുറത്താക്കിയിരുന്നു. അടുത്തിടെ അമേരിക്കൻ സർക്കാർ പുറത്തുവിട്ട എപ്സ്റ്റീൻ കേസ് രേഖകളിൽ മണ്ടേൽസണും എപ്സ്റ്റീനും തമ്മിൽ പുറത്തറിയുന്നതിനേക്കാൾ അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ ലേബർ പാർട്ടിയിലെ അംഗത്വം മണ്ടേൽസൺ ജനുവരിയിൽ രാജിവച്ചിരുന്നു.
ബ്രിട്ടനിലെ രാജാവ് ചാൾസിന്റെ അനുജൻ ആൻഡ്രൂവിനെയും എപ്സ്റ്റീൻ ബന്ധത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയിൽനിന്നു വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ആൻഡ്രൂ ബ്രിട്ടീഷ് വാണിജ്യകാര്യ പ്രതിനിധിയായിരിക്കേ രഹസ്യ സർക്കാർ രേഖകൾ എപ്സ്റ്റീന് കൈമാറിയെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
National
ന്യൂഡൽഹി: അന്തരിച്ച വിവാദ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. 2017 നും 2019 നും ഇടയിൽ ഇരുവരും തമ്മിൽ അയച്ച ഇമെയിലുകളും സന്ദേശങ്ങളുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണത്തിലും വൈറ്റ് ഹൗസുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും അനിൽ അംബാനി എപ്സ്റ്റീന്റെ സഹായം തേടിയിരുന്നു. "പ്രതിരോധമാണ് പ്രധാനം" എന്ന് അംബാനി സന്ദേശങ്ങളിൽ കുറിച്ചിട്ടുണ്ട്.
2019 ഏപ്രിലിൽ തന്റെ ലിസ്റ്റ് ചെയ്ത ഓഹരികൾ ഈടായി നൽകി വ്യക്തിഗത തലത്തിൽ ഏകദേശം 750 ദശലക്ഷം ഡോള സമാഹരിക്കാൻ അംബാനി എപ്സ്റ്റീന്റെ സഹായം ചോദിച്ചിരുന്നു. എന്നാൽ ഓഹരികളുടെ ചരിത്രം അത്ര നല്ലതല്ലെന്ന് പറഞ്ഞ് എപ്സ്റ്റീൻ ഇതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ബരാക്കിന്റെ കോൺടാക്റ്റ് വിവരങ്ങൾ എപ്സ്റ്റീൻ അംബാനിക്ക് കൈമാറി. കൂടാതെ, ഡൊണാൾഡ് ട്രംപിന്റെ മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തിരുന്നു.
പാരീസിലെയും മാൻഹട്ടനിലെയും എപ്സ്റ്റീന്റെ ആഡംബര വസതികളിൽ അനിൽ അംബാനി സന്ദർശനം നടത്തിയിട്ടുണ്ട്. "ഡെസേർട്ട്" എന്ന പദമുപയോഗിച്ചുള്ള ചില സംഭാഷണങ്ങളും ഇവരുടെ സന്ദേശങ്ങളിലുണ്ട്.
National
ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി ബിജെപി. 2010ൽ യുപിഎയിൽ മന്ത്രിയായിരുന്ന കപിൽ സിബൽ എപ്സ്റ്റീന്റെ സ്ഥാപനം നൽകിയ അവാർഡ് സ്വീകരിച്ചെന്നും കോൺഗ്രസ് ഇതിനു മറുപടി പറയണമെന്നും ബിജെപി ആരോപിച്ചു.
എന്നാല്‍ ആരോപണം കപിൽ സിബലും കോൺഗ്രസും നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ പേരുകൾ എപ്സറ്റീൻ ഫയലില്‍ ഉണ്ടെന്നുള്ള ആരോപണങ്ങൾ നിലനിൽക്കെയാണ് കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തിയത്.
മന്ത്രി ഹർദീപ് സിംഗ് പുരിക്ക് ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ജെഫ്രി എപ്സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
എപ്സ്റ്റീനെ മൂന്നോ നാലോ തവണ താൻ കണ്ടിട്ടുണ്ട്. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് കമ്മീഷന്റെ ഭാഗമായിരിക്കേയാണ് കണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
International
വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ വിദേശ വനിതകളെ യുഎസിൽ നിർത്താൻ ഉപയോഗിച്ചിരുന്ന തന്ത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൻ നീതിന്യായ വകുപ്പ്. സ്റ്റുഡൻഡ് വിസ, ഇംഗ്ലീഷ് ഭാഷാ കോഴ്സുകൾ, വ്യാജ വിവാഹങ്ങൾ തുടങ്ങിയ മാർഗങ്ങൾ ഇതിനായി ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ.
ഇതുസംബന്ധിച്ച തെളിവുകളും രേഖകളും അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീന്റെ ഇ-മെയിലിൽ ഇതുസംബന്ധിച്ച നിരവധി തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മെസേജുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവയിലും ഇതുസംബന്ധിച്ച തെളിവുകളുണ്ട്. ഇതിലെ പ്രധാന കേസാണ് എപ്സ്റ്റീന്റെ പെൺസുഹൃത്ത് കരീന ഷുലിയാക്കിന്റേത്. ഇവരായിരുന്നു എപ്സ്റ്റീന്റെ അവസാന കാമുകിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വിസ പ്രശ്നങ്ങൾ നേരിട്ട 2012-13 കാലഘട്ടത്തിൽ ഷുലിയാക്കിനായി എപ്സ്റ്റീൻ തന്റെ സ്വാധീനവലയം ഉപയോഗിച്ച് ഇമിഗ്രേഷൻ സഹായം തേടിയിരുന്നു. വൈറ്റ് ഹൗസ് മുൻ നിയമോപദേശകൻ ഗ്രെഗ് ക്രെയ്ഗ്, യുഎസ് ഇമിഗ്രേഷൻ മേധാവിയായിരുന്ന അലെക്സാണ്ട്രോ മയോർക്കസ് എന്നിവരുടെ പേരുകൾ ഇ-മെയിൽ സന്ദേശങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.
സ്റ്റുഡന്‍ഡ് വിസ കാലാവധി അവസാനിച്ചതോടെ ഷുലിയാക്ക് യുഎസ് പൗരനെ വിവാഹം ചെയ്ത് ഗ്രീൻ കാർഡും പിന്നീട് പൗരത്വവും നേടിയിരുന്നു. പിന്നാലെ അവർ വിവാഹമോചനം നേടി.
International
ദുബായ്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായതോടെ ദുബായ് ആസ്ഥാനമായ ആഗോള ലോജിസ്റ്റിക്സ് ഭീമന്മാരായ ഡിപി വേൾഡിന്റെ സിഇഒ സ്ഥാനത്തുനിന്ന് സുൽത്താൻ അഹമ്മദ് ബിൻ സുലായെമിനെ നീക്കി.
പകരം ഡിപി വേൾഡ് ബോർഡ് ചെയർമാനായി ഈസ കാസിമിനെയും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യക്കാരനായ യുവരാജ് നാരായണനെയും നിയമിച്ചു.
യുഎസ് നീതിന്യായ വകുപ്പ് ഏറ്റവുമൊടുവിൽ പുറത്തുവിട്ട എപ്സ്റ്റീൻ ഫയലിലാണ് സുൽത്താൻ അഹമ്മദ് ബിൻ സുലായെമിന്റെ പേരുള്ളത്. എപ്സ്റ്റീനുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് ഫയലിലുള്ള വിവരം.
National
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. താൻ ജോലിചെയ്ത സന്നദ്ധസംഘടനയുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടത്. എട്ട് വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യവ്യക്തിയായിട്ടാണ് താൻ എപ്സ്റ്റീനെ കണ്ടതെന്നും ഹർദീപ് പറഞ്ഞു.
എപ്സ്റ്റീനെ കണ്ടപ്പോൾ താൻ സർക്കാരിന്റെ ഭാഗമായിരുന്നില്ല. ഇതാണ് വലിയ കാര്യമായി രാഹുൽ ഇപ്പോൾ അവതരിപ്പിക്കുന്നത്.
രാഹുൽ ഗാന്ധി കോമാളിയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേയുള്ളുവെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.
International
ന്യൂയോർക്ക്: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ആഗോളതലത്തിൽ പല വന്പന്മാരും പ്രതിക്കൂട്ടിലാകുന്നു! അമേരിക്കൻ സർക്കാർ പുറത്തുവിട്ട ലക്ഷക്കണക്കിനു പേജുകൾ വരുന്ന പുതിയ എപ്സ്റ്റീൻ ഫയലുകളിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളും നിരവധി രാഷ്ട്രീയനേതാക്കളും ഉൾപ്പെട്ടതായാണ് സൂചന. 30 ലക്ഷം പേജുകൾ, 1.8 ലക്ഷം ചിത്രങ്ങൾ, 2,000 വീഡിയോ എന്നിവ ഉൾപ്പെടുന്നതാണ് പുറത്തുവന്ന പുതിയ രേഖകൾ. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട നിയമത്തെത്തുടർന്നാണ് രേഖകൾ പരസ്യപ്പെടുത്തിയത്. എന്നാൽ, പല നിർണായക വിവരങ്ങളും ഇപ്പോഴും മറച്ചുവച്ചിരിക്കുകയാണെന്ന് ഡെമോക്രാറ്റുകൾ ശക്തമായി ആരോപിക്കുന്നു.
ഫയലുകളിലെ പ്രമുഖർ
പുറത്തുവന്ന രേഖകളിൽ പേരുള്ള പലരും തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നതിന് തെളിവല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇലോൺ മസ്ക് - എപ്സ്റ്റീനുമായി മസ്ക് നടത്തിയ ഇ മെയിൽ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദ്വീപിലെ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇമെയിലിലുണ്ട്. എന്നാൽ, താൻ എപ്സ്റ്റീന്റെ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നാണ് മസ്കിന്റെ പ്രതികരണം.
പ്രതിക്കൂട്ടിലായ വമ്പൻമാർ
ബിൽ ഗേറ്റ്സ് - ഗേറ്റ്സിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമർശങ്ങൾ എപ്സ്റ്റീൻ എഴുതിയതെന്നു കരുതപ്പെടുന്ന ഇമെയിലുകളിലുണ്ട്. റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന്, ലൈംഗികരോഗം ബാധിച്ചെന്നും ആരോഗ്യപ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ എപ്സ്റ്റീൻ സഹായിച്ചതായി ഇമെയിലുകൾ അവകാശപ്പെടുന്നു. എന്നാൽ, ഇത് എപ്സ്റ്റീന്റെ വ്യാജ അവകാശവാദങ്ങൾ മാത്രമാണെന്നു ഗേറ്റ്സിന്റെ വക്താവ് അറിയിച്ചു.
ഡോണൾഡ് ട്രംപ് - ട്രംപിനെതിരേ എഫ്ബിഐക്കു ലഭിച്ച നിരവധി പരാതികൾ ഫയലിലുണ്ട്. എന്നാൽ, ഇവയിൽ ഭൂരിഭാഗവും തെളിവുകളില്ലാത്ത വെറും ആരോപണങ്ങളാണെന്നാണ് റിപ്പോർട്ട്. താൻ വർഷങ്ങൾക്ക് മുമ്പേ എപ്സ്റ്റീനുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്നു ട്രംപ് ആവർത്തിച്ചു വ്യക്തമാക്കുന്നു. അതേസമയം, ട്രംപിന്റെ എതിർകക്ഷികൾ ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞു.
ആൻഡ്രു രാജകുമാരൻ (ബ്രിട്ടൻ) - ആൻഡ്രു രാജകുമാരൻ വിവിധ യുവതികളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫയലിലുണ്ട്. ഇത് വലിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.
റിച്ചാർഡ് ബ്രാൻസൺ- വിർജിൻ ഗ്രൂപ്പ് തലവൻ ബ്രാൻസണും എപ്സ്റ്റീനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. അതേസമയം, എപ്സ്റ്റീന്റെ സ്വഭാവത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ തന്നെ ബന്ധം അവസാനിപ്പിച്ചതായി ബ്രാൻസൺ വിശദീകരിക്കുന്നു.
സ്റ്റീവ് ബാനൻ - ട്രംപിന്റെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് ആയിരുന്ന സ്റ്റീവ് ബാനൻ, എപ്സ്റ്റീന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രതിരോധിക്കാനും അദ്ദേഹത്തെ ഒരു ജീവകാരുണ്യ പ്രവർത്തകനായി ചിത്രീകരിക്കാനും ബാനൻ തന്ത്രങ്ങൾ മെനഞ്ഞതായി ഇമെയിലുകൾ വ്യക്തമാക്കുന്നു.
ഹോവാർഡ് ലുട്നിക് - യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും കുടുംബവും എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായി ഇമെയിലുകൾ വെളിപ്പെടുത്തുന്നു. എന്നാൽ, ഭാര്യയുടെ സാന്നിധ്യത്തിൽ മാത്രമാണ് കൂടിക്കാഴ്ചകൾ നടന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.
ലാറി സമ്മേഴ്സ് - മുൻ യുഎസ് ട്രഷറി സെക്രട്ടറിയും ഹാർവാർഡ് സർവകലാശാല മുൻ പ്രസിഡന്റുമായ ലാറി സമ്മേഴ്സ്, എപ്സ്റ്റീനുമായി നടത്തിയ നിരന്തര സമ്പർക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഓപ്പൺ എഐ ബോർഡ് ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽനിന്നു രാജിവച്ചു.
സ്റ്റീവ് ടിഷ് - ന്യൂയോർക്ക് ജയന്റ്സ് സഹ ഉടമയായ സ്റ്റീവ് ടിഷ്, എപ്സ്റ്റീന്റെ വീട്ടിൽ വച്ചു കണ്ട സ്ത്രീകളെക്കുറിച്ച് അന്വേഷിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. സ്ത്രീകൾ -പ്രഫഷണലുകൾ- ആണോ എന്ന് ടിഷ് ചോദിച്ചതായും രേഖകളിലുണ്ട്.
ബ്രെറ്റ് രത്നർ - പ്രശസ്ത ഹോളിവുഡ് സംവിധായകൻ ബ്രെറ്റ് രത്നർ എപ്സ്റ്റീനോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളും ഫയലിലുണ്ട്. മെലാനിയ ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.
മറ്റു പ്രധാന വ്യക്തികൾ
മുൻ ബ്രിട്ടീഷ് മന്ത്രി ലോർഡ് മാൻഡൽസൺ, മുൻ സ്ളൊവാക്യൻ വിദേശകാര്യമന്ത്രി മിറോസ്ളോവ് ലജ്കാക്, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ബരാക് എന്നിവരുടെ പേരുകളും രേഖകളിൽ പരാമർശിക്കുന്നുണ്ട്. ഇതിനെത്തുടർന്ന് മിറോസ്ളോവ് ലജ്കാക് തന്റെ പദവിയിൽ നിന്ന് രാജിവച്ചു. മാൻഡൽസണും ഹൗസ് ഓഫ് ലോർഡ്സിൽനിന്ന് ഒഴിയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒളിമ്പിക് കമ്മിറ്റി ചെയർമാൻ കേസി വാസർമാൻ, പ്രശസ്ത ഇൻഫ്ലുവൻസർ പീറ്റർ അറ്റിയ എന്നിവരും എപ്സ്റ്റീനുമായോ അദ്ദേഹത്തിന്റെ സഹായി ഘിസ്ലെയ്ൻ മാക്സ്വെല്ലുമായോ ബന്ധം പുലർത്തിയതായി രേഖകൾ പറയുന്നു. ഇന്ത്യയിലെ ചില വൻ വ്യവസായികളും എപ്സ്റ്റീന്റെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അനിൽ അംബാനിയടക്കം ചിലരുടെ പേരുകൾ ഇതിനകംതന്നെ പുറത്തുവന്നു കഴിഞ്ഞു.
നീതിക്കായുള്ള പോരാട്ടം
എപ്സ്റ്റീന്റെ ഇരകളായ പെൺകുട്ടികൾക്കു നീതി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പുറത്തുവന്ന ഇമെയിലുകളും ചിത്രങ്ങളും വരുംദിവസങ്ങളിൽ കൂടുതൽ നിയമനടപടികളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019ൽ ജയിലിൽ വച്ചാണ് എപ്സ്റ്റീൻ ജീവനൊടുക്കിയത്. എങ്കിലും അദ്ദേഹത്തിന്റെ കൂട്ടാളിയായ ഘിസ്ലെയ്ൻ മാക്സ്വെൽ നിലവിൽ തടവു ശിക്ഷ അനുഭവിക്കുകയാണ്.
International
വാഷിംഗ്ടൺ ഡിസി: ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ ജയിലിൽ ജീവനൊടുക്കിയ അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനു ഗൊണോറിയ ഉൾപ്പെടെയുള്ള ഗുരുതര ലൈംഗികരോഗങ്ങൾ ബാധിച്ചിരുന്നതായി വെളിപ്പെടുത്തൽ. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ രേഖകളിലാണ് എപ്സ്റ്റീന്റെ ഹോർമോൺ കുറവുകളെക്കുറിച്ചും രോഗവിവരങ്ങളെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകളുള്ളത്.
ആശങ്കകൾ ഇ മെയിലിൽ
വർഷങ്ങളോളം നീണ്ടുനിന്ന ഹോർമോൺ അപര്യാപ്തത എപ്സ്റ്റീനെ അലട്ടിയിരുന്നതായി മെഡിക്കൽ പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നു. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് താഴ്ന്നനിലയിലായിരുന്നു. പത്തു വർഷത്തോളമായി തന്റെ ഹോർമോൺ നില ഇതേ രീതിയിലാണെന്ന് എപ്സ്റ്റീൻ ഡോക്ടർമാർക്ക് അയച്ച ഇമെയിലുകളിൽ വ്യക്തമാക്കുന്നുണ്ട്.
2015ൽ ഡോക്ടർക്ക് അയച്ച ഇമെയിലിൽ തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ എപ്സ്റ്റീൻ പങ്കുവയ്ക്കുന്നുണ്ട്. ഇതിനായി ക്ലോമിഡ് പോലുള്ള മരുന്നുകൾ ഡോക്ടർമാർ നിർദേശിച്ചെങ്കിലും, ശരീരഭാരം കൂടുന്നതും നീർക്കെട്ടും കണക്കിലെടുത്ത് 2016ൽ ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.
ചികിത്സ തേടി
ഗൊണോറിയ ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങളും മറ്റ് അണുബാധകളും എപ്സ്റ്റീനെ ബാധിച്ചിരുന്നു. 2016ൽ തനിക്ക് ലൈംഗിക രോഗം ബാധിച്ചതായും അതിനായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതായും അദ്ദേഹം ഡോക്ടറെ അറിയിച്ചിട്ടുണ്ട്. ലൈംഗിക ശേഷി വർധിപ്പിക്കാനുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങൾ ഇ മെയിൽ വഴി എപ്സ്റ്റീൻ നിരന്തരം സ്വീകരിച്ചിരുന്നു. സ്വന്തം ബീജം ഭാവിയിലേക്കു സൂക്ഷിച്ചുവയ്ക്കുന്നതിനെക്കുറിച്ചും എപ്സ്റ്റീൻ വിവരങ്ങൾ തേടിയിരുന്നതായും രേഖകൾ പറയുന്നു.
എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം പുറത്തുവിട്ട ലക്ഷക്കണക്കിനു രേഖകളുടെ ഭാഗമായാണ് ഈ വിവരങ്ങളും പുറത്തുവന്നത്. 2019 ഓഗസ്റ്റിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ നടപടികൾ പുരോഗമിക്കവേ എപ്സ്റ്റീൻ ജയിലിൽ തൂങ്ങി മരിക്കുകയായിരുന്നു.
International
ലണ്ടൻ: ജെഫ്രി എപ്സ്റ്റീന്റെ ഇരകളോട് മാപ്പു പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പീറ്റർ മൻഡൽസണിനെ യുഎസിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ച സംഭവത്തിലാണ് പ്രധാനമന്ത്രി മാപ്പു പറഞ്ഞത്. ജെഫ്രി എപ്സ്റ്റീനെ അറിയില്ലെന്നാണ് മൻഡൽസൺ തന്നെ ധരിപ്പിച്ചിരുന്നത്. മൻഡൽസണിന്റെ നുണകൾ വിശ്വസിച്ച് അദ്ദേഹത്തെ നിയമിച്ചതിൽ ഖേദമുണ്ട്-അദ്ദേഹം പറഞ്ഞു.
എപ്സ്റ്റീനുമായി മൻഡൽസണ്‍ പരിചയമുണ്ടെന്ന് അറിയാമായിരുന്നു, പക്ഷേ ആ ബന്ധത്തിന്റെ ആഴം ആർക്കുമറിയില്ലായിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു. ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞതിനെത്തുടർന്ന് മൻഡൽസണിനെ സ്റ്റാർമർ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്താക്കിയിരുന്നു. എപ്സ്റ്റീനുമായി മൻഡൽസണിന് സാമ്പത്തിക ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു ആരോപണം.
എപ്സ്റ്റിനിൽനിന്ന് പണം കൈപ്പറ്റിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. തന്റെ ഓഫീസ് മോശം കാര്യങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണത്തിൽ മൻഡൽസൺ അന്വേഷണം നേരിടുന്നുണ്ട്. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളൊന്നും അദ്ദേഹത്തിനെതിരേ ചുമത്തിയിട്ടില്ല.
കഴിഞ്ഞ ആഴ്ച യുഎസ് നീതിന്യായ വകുപ്പ് പ്രസിദ്ധീകരിച്ച രേഖകളിൽ മൻഡൽസണുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. മൻഡൽസൺ എപ്സ്റ്റീനുമായി തന്ത്രപ്രധാനമായ സർക്കാർ വിവരങ്ങൾ പങ്കിട്ടതായാണ് പുറത്തുവന്ന ഫയലിലെ രേഖകൾ പറയുന്നത്.
2003 മുതൽ 2004 വരെ, മൻഡൽസണുമായോ അദ്ദേഹത്തിന്റെ പങ്കാളിയുമായോ ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് എപ്സ്റ്റീൻ ആകെ 75,000 യുഎസ് ഡോളർ മൂന്ന് തവണ അയച്ചതായി പുതുതായി പുറത്തുവന്ന ഫയലുകളിലെ രേഖകൾ പറയുന്നു. 72 കാരനായ മൻഡൽസൺ എപ്സ്റ്റീൻ ബന്ധത്തിന്റെ പേരിൽ ലേബർ പാർട്ടിയിൽനിന്നു രാജിവച്ചിരുന്നു.
National
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പരാമർശമുള്ളതായി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ്.
വിഷയം ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി. പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര ഇടപെടലുകളെപ്പറ്റി എപ്സ്റ്റീന്റെ മെയിലിൽ പരാമർശമുള്ളത് ആശങ്കപ്പെടുത്തുന്നതാണെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ പറഞ്ഞു.
2017 ജൂലൈ ഒന്‍പതിന് എപ്സ്റ്റീൻ എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന മെയിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെട്ടിട്ടുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഇതിനുപിന്നാലെ ഇസ്രയേലിലേക്കു നടത്തിയ ഔദ്യോഗിക യാത്രയെക്കുറിച്ചും പരാമർശിക്കുന്നുണ്ടെന്ന് മാണിക്കം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യുന്പോൾ സഭയ്ക്കു നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും സർക്കാർ ഇതിനു വ്യക്തമായ വിശദീകരണം നൽകണമെന്നും മാണിക്കം ആവശ്യപ്പെട്ടു.
ഇന്ത്യയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിക്കുന്ന എപ്സ്റ്റീന്റെ ഇ-മെയിലിന്റെ ഒരു ഭാഗമാണ് പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടിട്ടുള്ള വിവാദങ്ങൾക്കാധാരം. മോദിയുടെ 2017ലെ ഇസ്രയേൽ സന്ദർശനം പരാമർശിക്കുന്ന മെയിലിൽ ഇന്ത്യൻ പ്രധാനമന്ത്രി ഉപദേശം സ്വീകരിച്ചുവെന്നും യുഎസ് പ്രസിഡന്റിനുവേണ്ടിയെന്നും പരാമർശമുണ്ട്.
"അത് നടന്നു'വെന്നാണ് എപ്സ്റ്റീന്റെ മെയിലിലെ അവസാനഭാഗത്തുള്ള ഒരു വരി. ഈ പ്രയോഗം എന്തിനെ സംബന്ധിക്കുന്നതാണെന്നും വ്യാപകമായ അന്താരാഷ്ട്ര ചർച്ചകൾ നടന്നിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ സർക്കാർ വ്യക്തത വരുത്താത്തതെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ ചോദിച്ചു. എന്നാൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന മാണിക്കത്തിന്റെ ആവശ്യം സഭ തള്ളി.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ മോദിയെക്കുറിച്ചുള്ള പരാമർശം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അടിസ്ഥാനരഹിതമായ ജല്പനങ്ങൾ മാത്രമാണെന്നു ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.
അതേസമയം, എപ്സ്റ്റീൻ ഫയലിന്റെ പുതുതായി പുറത്തിറങ്ങിയ ഭാഗങ്ങളിൽ ജെഫ്രി എപ്സ്റ്റീൻ റിലയൻസ് ഗ്രൂപ്പ് തലവൻ അനിൽ അംബാനിയുമായി 2017-19 കാലയളവിൽ നിരന്തരസന്പർക്കം പുലർത്തിയിരുന്നുവെന്നും മോദി സർക്കാരിനുവേണ്ടിയുള്ള പിൻവാതിൽ ചർച്ചകൾക്കായി അനിൽ അംബാനി സ്വയംതന്നെ ഇടനിലക്കാരനായി ഉയർത്തിക്കാട്ടിയെന്നും വിവരമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
International
ലണ്ടന്‍: അന്തരിച്ച അമേരിക്കന്‍ കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള വഴിവിട്ട ബന്ധങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മുതിര്‍ന്ന ബ്രിട്ടീഷ് രാഷ്ട്രീയ നേതാവ് ലോര്‍ഡ് പീറ്റര്‍ മണ്ടല്സണ് ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. എപ്സ്റ്റീനുമായുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകള്‍ പ്രകാരം, 2003-നും 2004-നും ഇടയില്‍ മൂന്ന് തവണകളായി എപ്സ്റ്റീന് മണ്ടല്സണ് ഏകദേശം 75,000 ഡോളര്‍ കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2009-ല്‍ ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കവെ, എപ്സ്റ്റീന്റെ ചില ആവശ്യങ്ങള്‍ക്കായി മണ്ടല്സണ് തന്റെ പദവി ഉപയോഗിച്ച് സഹായിക്കാന്‍ ശ്രമിച്ചതായും രേഖകള്‍ ആരോപിക്കുന്നു.
പാര്‍ട്ടിക്കോ സര്‍ക്കാരിനോ കൂടുതല്‍ നാണക്കേടുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, എപ്സ്റ്റീനുമായുള്ള തന്റെ മുന്‍കാല ബന്ധത്തില്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും അദ്ദേഹം ലേബര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നല്കിയ കത്തില്‍ വ്യക്തമാക്കി. എപ്സ്റ്റീനുമായുള്ള ബന്ധം വിവാദമായതിനെത്തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ അദ്ദേഹത്തെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
ഈ വിഷയത്തില്‍ മണ്ടല്സണ് യുഎസ് കോണ്‍ഗ്രസിന് മുന്‍പാകെ മൊഴി നല്‍കണമെന്നും അദ്ദേഹത്തിന്റെ ലോർഡ് പദവി റദ്ദാക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ തിരിച്ചടിയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
International
വാഷിംഗ്ടണ്‍ ഡിസി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുള്ള "എപ്സ്റ്റീൻ ഫയൽസ്' പുറത്തുവിട്ടുതുടങ്ങി. 300,00 പേജുകളുള്ള നടുക്കുന്ന ആദ്യ ബാച്ച് രേഖകളാണ് യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടത്. ബാക്കിയുള്ളവ വരുന്ന ആഴ്ചകളിലും പുറത്തുവിടും.
പുറത്തുവിട്ട ഫയലുകളിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ചിത്രങ്ങളുമുണ്ട്. ക്ലിൻണിന്റെ ആയിരകണക്കിന് ചിത്രങ്ങളാണുള്ളത്. ചിത്രങ്ങൾ എപ്പോൾ പകർത്തിയതാണെന്ന് ഫയലുകളിൽ പറയുന്നില്ല.
ചിത്രങ്ങൾ പുറത്തിങ്ങിയതിനുശേഷം നിരവധി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങളിലുടെ പങ്കുവച്ചു. നോർത്ത് കരോളിനിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചെങ്കിലും ഈ വിഷയത്തെകുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
പുതിയ ചിത്രങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ക്ലിന്റണ് തയാറായില്ലെങ്കിലും എപ്സ്റ്റൈനുമായി സമയം ചെലവഴിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ക്ലിന്റണ് നേരത്തെ പറഞ്ഞിരുന്നു.